2022 ഫെബ്രുവരി 19, ശനിയാഴ്‌ച

നങ്കി 1️⃣5️⃣



©️Copyright Protected

🌺🌺🌺


"നിങ്ങ ഈത് ഏട പോയ്‌ര്ന്ന് മനിച്ചാ..."

"മുറുക്കാൻ പോയാടീ... സിവനേട ?"

"ഈട ഒണ്ടാരുന്ന്. പ്പോ ങ്ങോട്ടോ പോയീ "

"യ്യി പ്പെണ്ണ് ആഗ നെരുപ്പീ ചവുട്ടി നിക്കുമ്പ ഈനെവിടാ പോയേ ?"

"ആര്ക്കറിയ്യാം " തങ്കം ഈർഷ്യോടെ പറഞ്ഞു.

 "കൊച്ചിന കീറിയേ പൊറത്തെട്ക്കത്തോള്ള്, പെണ്ണിന് അല്ലാത പേറു നടക്കത്തില്ലാന്നാ ഡോട്ടറ് പറഞ്ഞേ. ഏതോ കടലാസ്സീ കെട്ടിയവൻ ഒപ്പിടണോന്ന് പറഞ്ഞപ്പോ, ഒപ്പ് കൊടുത്തേച്ച് പോയോനാ.."

നങ്കി ചുമരിലേക്ക് തല ചായ്ച്ചു നിന്നു.

മണിക്കൂറുകളുടെ നീണ്ട യാത്രയ്ക്കൊടുവിൽ ലേബർ റൂമിന്റെ വാതിൽ തുറന്നു.

.....✍️

വിറയാർന്ന കൈകളോടെ നങ്കി കുഞ്ഞിനെ ഏറ്റു വാങ്ങി.

"ആൺകുഞ്ഞാ " നേഴ്സ് മുന്നിൽ നിന്ന എല്ലാവരോടുമെന്ന പോലെ പറഞ്ഞു.

നങ്കി കുഞ്ഞിന്റെ വിരലിൽ മെല്ലെ തൊട്ടു. അത്രയും മൃദുലമായ ഒന്നിൽ ആദ്യമായി തൊടുന്ന അനുഭൂതിയോടെ കണ്ണുകളടച്ചു പുഞ്ചിരിച്ചു.

ഞൊടിയിടയ്ക്കുള്ളിൽ എന്തോ ഓർമയിൽ മിന്നിയ പോലെ  കണ്ണ് തുറന്ന് നേഴ്സിനെ നോക്കി.

"മല്ലി....?"

"മയക്കത്തിലാ.. പേടിക്കാനൊന്നുമില്ല "

"ഓ..." ആശ്വാസത്തോടെ നങ്കി നിശ്വസിച്ചു.

" തങ്കം പോലത്ത കൊച്ച്... " മുരുകൻ അഭിപ്രായപ്പെട്ടു..

"ഓ...." തങ്കം വലിയ താല്പര്യം കാട്ടാതെ മാറി നിന്നു.

"നെന്നപ്പോലെന്നല്ല... സൊർണ്ണം പോലത്തേന്നാ ഞാ പറഞ്ഞേ..."

"ഓ...."

"നെനക്കെന്താഡീ ഒര് ഇസ്ട്ടോല്ലാത്ത പോല "

"ഇസ്ടം കാട്ടാൻ നങ്കീട കൊച്ച് വരട്ട്.."

നങ്കി തങ്കത്തിനെ പാളി നോക്കി. പിന്നെ നെഞ്ചിൽ ഉറഞ്ഞ ഭാരത്തോടെ മല്ലികയുടെ കുഞ്ഞിനെ മാറോടണച്ചു.

               
                                           ▪️

മല്ലികയെ വാർഡിലേക്ക് മാറ്റാതെ ഒരു മുറി ജാൻസി ഏർപ്പാടാക്കി കൊടുത്തു. എല്ലാവിധ സഹായവും ചെയ്തതിനു ശേഷം മുരുകൻ വീട്ടിലേക്കും മടങ്ങി.

നങ്കിയ്‌ക്കൊപ്പം കൂട്ടു നിന്ന തങ്കം, ശിവനെ വാതോരാതെ വിമർശിച്ചു കൊണ്ടേയിരുന്നു. നങ്കിയാകട്ടെ കുഞ്ഞിനെ തൊട്ടും തഴുകിയും താലോലിച്ചു. പിന്നെ അടിയ്ക്കടി മല്ലികയുടെ മുഖത്തേക്ക് നോക്കും. മയക്കത്തിൽ കടക്കുന്ന അനിയത്തിയെ മറ്റൊരു കുഞ്ഞായി കരുതി തലോടും.

ഏറെ വൈകാതെ മല്ലിക ഉണർന്നു. പതിയെ തല ചരിച്ച് അരികിൽ കിടക്കുന്ന കുഞ്ഞിനെ അത്ഭുതപൂർവ്വം നോക്കി.

"ച്ചേയീ...യിച്ചിരിയേ ഒള്ളല്ലേ കൊച്ച്..."

"നിയ്യ് പേടിക്കണ്ട... പദ്ക്കെ മോന്
വളർന്നോളും.."

"പശ്ശെ, എൻക്ക് എട്ക്കാൻ പേടിയാ..."

"ഞങ്ങള് ഒക്ക ഒണ്ടല്ലോ നോക്കാന്.."

"ച്ചേയീട കൊച്ച് വര്മ്പോ എന്തോയ്യും ?"

നങ്കി മറുപടിയില്ലാതെ മുഖം തിരിച്ചു.

"ലച്ച്മീക്കാ വര്ത്തില്ലാര്ക്കും.." തങ്കം ആരാഞ്ഞു.

"അറീല്ലക്കാ.."

"ഓ അവരിക്ക് നെന്റ കൊച്ചിന കണ്ടാ മദി.." മല്ലിക കേൾക്കാനായി തന്നെ തങ്കം പറഞ്ഞു.

നങ്കി അനിയത്തിയുടെ മുഖത്തേക്ക് നോക്കി. കുഞ്ഞിലാണ് മല്ലികയുടെ ഗൗനം മുഴുവനും.

"നെനക്ക് എങ്ങനൊണ്ടിപ്പ... വേദന തോന്ന്ന്നൊണ്ടാ..?"

"ഉം... ശീണോംണ്ട്..."

പെട്ടെന്ന് അവിചാരിതമായി ശിവൻ മുറിയിലേക്ക്  കയറി വന്നു. എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി ദൃഷ്ടി പതിപ്പിച്ചു കൊണ്ട് കട്ടിലിനരികിലേക്ക് ചെന്ന് നിന്ന് കുഞ്ഞിനെ നോക്കിക്കൊണ്ട് ചിരിച്ചു. മല്ലിക പരിഭ്രമത്തോടെ നങ്കിയെ നോക്കി. നങ്കി ശിവന്റെ ചെയ്തികളെ നിശബ്ദമായി വീക്ഷിച്ചു കൊണ്ട് നിന്നു.

"ന്ന പ്പോല തന്നൊണ്ട്..." ശിവന്റെ സ്വരം മുറിയിൽ മുഴങ്ങി.

"നെനക്കൊണ്ടായത് നെന്ന പ്പോല തന്നിര്ക്കും.." തങ്കം ഈർഷ്യോടെ പറഞ്ഞു ; "യിനി ഒടനെ നങ്കീം പെറും. ആ ക്കൊച്ചും നെന്ന പഗുത്തിര്ക്കും..."

"അദ്.... ഒള്ളതാക്വോന്ന് സമ്സയാ..." നങ്കിയെ ഒളികണ്ണാൽ നോക്കി ശിവൻ അഭിപ്രായപ്പെട്ടു.

"സമ്സയോ !! യെന്തോത്തിന്... പുത്യ സമ്പന്തം ഒണ്ടാക്കിക്കൊണ്ട് വന്ന നിയ്യല്ലേ... ഓളല്ലല്ലാ..."

"അക്കാ..മദി..." നങ്കിയുടെ സ്വരത്തിൽ അപേക്ഷ നിറഞ്ഞു.

ശിവൻ നീരസത്തോടെ തങ്കത്തിനെ നോക്കി.

"നങ്കീ..ഞാ വെളീ നിക്കാം " ശിവനെതിരെ മുഖം വെട്ടിത്തിരിച്ച് തങ്കം മുറിവിട്ടിറങ്ങി.

നങ്കി അവജ്ഞയോടെ ശിവനെ നോക്കി.

ആ നോട്ടത്തെ അവഗണിച്ചു കൊണ്ട് ശിവൻ തിരിഞ്ഞ് കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ചു. പിന്നെ നങ്കിയെ തിരിഞ്ഞു നോക്കി ചിരിച്ചു.

നിഗൂഢമായ ആ ചിരിയിൽ എന്തൊക്കെയോ അർത്ഥം ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെ നങ്കിയ്ക്ക് തോന്നി.

ക്ഷണ നേരത്തിൽ ശിവന്റെ ചുണ്ടുകൾ മല്ലികയുടെ കവിളിലമർന്നു.

പകച്ചു പോയ ഭാവത്തിൽ മല്ലിക നങ്കിയെ നോക്കി.

യാതൊരു ഭാവമാറ്റവും ഇല്ലാതെ നിസ്സംഗതയോടെ നിന്ന നങ്കിയെ അമ്പരപ്പോടെ നോക്കിക്കൊണ്ട് ശിവൻ മുറിക്ക് പുറത്തേക്ക് നടന്നു.

വാതിൽക്കലെത്തി വീണ്ടുമൊന്ന് നങ്കിയെ തിരിഞ്ഞു നോക്കി. ഒരുതരത്തിലുമുള്ള പ്രതികരണവും പ്രകടമാക്കാത്തത് ശിവനെ തെല്ലോന്ന് ചൊടിപ്പിച്ചു.

"മല്ലീ.. നമ്മ്ട കൊച്ചാ..എൻക്കും.. നെനക്കും ഒണ്ടായത്...നോയിക്കോണം "  കതക് വലിച്ചു തുറന്ന്, ആഞ്ഞടച്ചു കൊണ്ട് ശിവൻ ഇറങ്ങി പോയി.

"ച്ചേയീ..." ചിലമ്പിച്ച ശബ്ദത്തിൽ മല്ലിക വിളിച്ചു.

"ഞാ നെന്ന പിടിച്ചിര്ത്താം. നിയ്യ് കൊച്ചിന് പാല് കൊട്ക്ക്.."  നങ്കി കുഞ്ഞിനെ കൈയ്യിലേക്കെടുത്തു കൊണ്ട് പറഞ്ഞു.

                                           ◾️

കുഞ്ഞിനെ പരിശോധിക്കാനുള്ള ഡോക്ടർ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ജാൻസിയായിരിക്കുമെന്ന് തങ്കവും മല്ലികയും പ്രതീക്ഷിച്ചിരുന്നില്ല.

തികഞ്ഞ ഗൗരവത്തോടെയാണ് ജാൻസി മുറിയിലേക്ക് വന്നതും പെരുമാറിയതും.

"നങ്കീ ഞാ യിപ്പോ വരാം.." മേശമേലിരുന്ന തൂക്കുപാത്രവുമായി തങ്കം പുറത്തേക്ക് പോയി . ജാൻസിയുടെ പെരുമാറ്റം തങ്കത്തിന് ഇഷ്ടമായില്ല.

പരിശോധന പൂർത്തിയാക്കി കഴിഞ്ഞ് ജാൻസി ഒന്നും മിണ്ടാതെ പോകാൻ തുടങ്ങിയതും നങ്കി വിളിച്ചു.

"ച്ചേച്ചീ...കൊച്ചിന നോക്കീട്ട് ഒന്നും പറഞ്ഞില്ല... ന്തേലും കൊഴപ്പോണ്ടോ.." ആശങ്കയോടെ നങ്കി ചോദിച്ചു.

ജാൻസി തിരിഞ്ഞ് മല്ലികയെ നോക്കി.

"കുഞ്ഞ് ഓക്കേയാണ്... ഒരു കുഴപ്പോം ഇല്ല.."

മല്ലിക തലയാട്ടി.

ജാൻസിയുടെ ദൃഷ്ടി നങ്കിയ്ക്ക് നേരെ നീണ്ടു.

"ഈ കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ല... നിന്റെ വയറ്റിലൊരു കുഞ്ഞുണ്ടെന്ന കാര്യം ഓർമയുണ്ടോ നിനക്ക്... ആ കുഞ്ഞിനെ പറ്റി ചിന്തയുണ്ടോ...?" ജാൻസിയുടെ സ്വരത്തിൽ അരിശം നിറഞ്ഞു തുളുമ്പി.

നങ്കിയുടെ തല താഴ്ന്നു.

"ശിവന് അമ്മയും രണ്ട് സഹോദരിമാരുമുണ്ടല്ലോ, അവരാരുമെന്താ ഇവിടെ കൂട്ടു വന്ന് നിൽക്കാത്തെ ?

കൂടപ്പിറപ്പാണേലും നിന്റെ താലി പങ്കിട്ടെടുത്തവൾക്കാ നിറവയറും വച്ച് നീ കാവല് നിൽക്കുന്നേ.."

"ച്ചേച്ചീ..."

"എനിക്കൊന്നുമറിയണ്ട... വയറ്റിലുള്ള നിന്റെ കുഞ്...' പറയാൻ വന്നതിൽ തെറ്റ് പറ്റിയത് പോലെ നിർത്തി,  ഉമിനീരിറക്കി ജാൻസി തുടർന്നു ;

"നിന്റെ വയറ്റിലുള്ള കുഞ്ഞിന് ഒന്നും സംഭവിക്കരുത്... ശരിയായ ആഹാരോം വിശ്രമോം കിട്ടാതെ കുഞ്ഞിനെന്തേലും പോരായ്മ വന്നാൽ... ആ കുഞ്ഞ് ആരുടേതാണെന്ന് ഓർമ വേണം.

നിന്നെപ്പോലുള്ളവർക്ക് ഇതൊക്കെ സാധാരണമാ.. കെട്ടുന്നതും പ്രസവിക്കുന്നതുമൊക്കെ ആദിവാസി ഊരുകളില് വേഷം മാറുന്ന വേഗത്തിലാ. അതിനിടയില് ആരോഗ്യവും പോഷകവും കിട്ടാതെ കുഞ്ഞുങ്ങള്  മരിക്കുന്നത് ഈയാംപാറ്റേട ജന്മം പോലാ... നിന്റെ ജീവിതത്തിലും അങ്ങനൊന്ന് നടന്നോണ്ട് വിശദമാക്കണ്ടല്ലോ..

അങ്ങനൊരു ചരിത്രം നിനക്കുള്ളതോണ്ട് ഓർമപ്പെടുത്തുവാ ഞാൻ... വയറ്റിലുള്ളെന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുത്...."

ജാൻസിയുടെ അവസാന വാചകം മല്ലികയിൽ മാറ്റം എന്തേലും വരുത്തിയോ എന്ന് ഭയപ്പാടോടെ നങ്കി മല്ലികയെ പാളി നോക്കി.

ജാൻസിയുടെ അപ്രതീക്ഷിത പൊട്ടിത്തെറിയിൽ ഭയന്ന് കണ്ണുകളടച്ചിരിക്കുന്ന മല്ലിക നങ്കിയ്ക്ക് തെല്ലാശ്വാസം നൽകി.

പെട്ടെന്ന് മുറിയിലേക്ക് തങ്കം കടന്നു വന്നു.

നീരസത്തോടെ മല്ലികയിലേക്കും നോട്ടമെറിഞ്ഞ്  ജാൻസി മുറിവിട്ടിറങ്ങി പോയി.

"ന്താരുന്ന് ഈട ഒച്ചപ്പാട്..അങ്ങുന്നേ കേട്ട്.. ഞാ പേടിച്ച് പോയ്‌ " തൂക്കുപാത്രം മേശമേലെ വച്ചു കൊണ്ട് തങ്കം നങ്കിയ്ക്കരികിലേക്ക് വന്നു നിന്നു.

"ഒന്നൂല്ലക്കാ "

"പിന്ന ആ പ്പെണ്ണ് വെർദെ ഒച്ച വച്ചയാ...ഓള്ക്കെന്താ പ്രാന്തായാ...വീട്ടീ വര്മ്പ ഓള്ക്ക് ചിരിക്കാനൊക്ക അറിയാലോ. ഈട വച്ച് കണ്ടപ്പോ എന്തോര് തല  പെരുക്കാ ഓള്ക്ക്..ടോട്ടറ് ആയിട്ട് വന്ന് നിന്നോണ്ടായിര്ക്കും. ങ്ഹാ യിനി പല്ലും കാട്ടിക്കൊണ്ട് അങ്ങോട്ട് വരട്ട്..."

"വിട്ടേരക്കാ "

"എന്തോ വിടാന്.. ഓള്ക്ക് നെന്റ മേല കൊറച്ച് അതികാരം കാട്ടലൊണ്ട്. ഞാ ഗവ്നിച്ച് അദ്.. ന്തേലും പൈസാ എടപാട് ഒണ്ടാ നങ്കിപ്പെണ്ണേ..?"

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു കൊണ്ട് നങ്കി ഇല്ലെന്ന് തലയാട്ടി.

"ഹാ ഞാ നിരീച്ച്. നെന്റ തല ആട്ടല് കണ്ടാ അറിയ്യാം... ഉം... സീവൻ കായി മേടിച്ചു കാണും. അദാ ഓള് നെന്നോട് അതികാരം കാട്ട്ന്നേ "

"അങ്ങനൊന്നൂല്ലക്കാ.. പേറു അടുത്തിരിക്കുമ്പോ ഞാ ഇങ്ങന ഈട വന്ന് കൂട്ടിരിക്ക്ന്നത് എന്തിനാന്ന് ചോയിച്ചയാ ചേച്ചി.. വയറ്റിലൊള്ള കൊച്ചിന്റ കാരിയം മറക്കരുതൂന്ന് ഓർമപ്പെട്ത്തീതാ..."

"ഓ അദാണാ.. അദ് നല്ല കാരിയം അല്ലിയോ... ഉം.... കൊച്ചിന്റ കാരിയം പറഞ്ഞ സരി തന്നാ..."

"മ്മ്.." തങ്കത്തിനെ ശാന്തമാക്കുന്നതിൽ വിജയിച്ച ഭാവത്തിൽ നങ്കി നെടുവീർപ്പിട്ടു.

                             ⬛️◼️◾️▪️◾️◼️⬛️

വീട്ടിലെത്തി ദിവസങ്ങളായിട്ടും കുഞ്ഞിന്റെയോ മല്ലികയുടെയോ പരിചരണം ഏറ്റെടുക്കാൻ ശിവന്റെ അമ്മ തയ്യാറായില്ല.

എന്നും വീടുപണി ഒക്കെ ഒതുക്കി തങ്കം വരും. കുഞ്ഞിന്റെയും മല്ലികയുടെയും പ്രസവാനന്തര പരിചരണം ഏറ്റെടുത്തു കഴിഞ്ഞിരുന്നു തങ്കം.

നങ്കിയ്ക്ക് ശാരീരിക അവശതകളൊക്കെ തുടങ്ങിയത് കാരണം ഒന്നിനും പ്രസരിപ്പ് ഇല്ലാതായി.

കട്ടിലിലേക്ക് ചാഞ്ഞ് ഒന്ന് മയക്കമായപ്പോഴാണ് മുറിയിൽ കവറിന്റെ ഒച്ചയനക്കമുണ്ടായത്. കണ്ണ് തുറന്നു നോക്കിയപ്പോൾ ശിവനെയാണ് കണ്ടത്.

"ദ് മല്ലിക്കും കൊച്ചിനും ഒള്ളതാ..."

നങ്കി ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു.

കുളിച്ച് ഈറനായി മല്ലിക മുറിയിലേക്ക് വന്നതും അന്നേരമാണ്.

ശിവൻ മല്ലികയെ അടിമുടി നോക്കി.

"കടയപ്പോം.. കൊച്ചിന് ഉടുപ്പുമൊക്ക ഒണ്ടിതിൽ. എല്ലാം നെനക്കും നമ്മട കൊച്ചിനുമൊള്ളതാ... ഞാ പിന്ന വരാം " നങ്കിയെ ഒന്നു നോക്കിക്കൊണ്ട് ശിവൻ മുറിവിട്ടിറങ്ങി.

മല്ലിക നങ്കിയെ നോക്കി ചിരിച്ചു കൊണ്ട് കട്ടിലിനു മേലെ ശിവൻ വച്ചിട്ടു പോയ കവർ തുറന്നു.

"ച്ചേയീ.... കൊറേ ഉടുപ്പുണ്ട്..കടയപ്പോം..." മല്ലിക ആവേശത്തോടെ ഓരോന്നും എടുത്തു നോക്കി.

നങ്കി കാഴ്ചക്കാരി മാത്രമായിരുന്നു.

സന്ധ്യക്ക്‌ മേല് കഴുകി മുറിയിലെത്തിയപ്പോ മല്ലിക മുടിയിൽ മുല്ലപ്പൂ ചൂടുന്നതാണ് കണ്ടത്.

"ഇത് ഏടെന്നാ !!?"

"ഓര് തന്നിട്ട് പോയതാ...ച്ചേയിക്ക് വേണോ "

"വേണ്ട "

നങ്കി കുഞ്ഞിനരികിൽ വന്നിരുന്നു.

"ച്ചേയീട പേറ് ആകുമ്പോ ഞാ ഈട ഒറ്റയാവും.." ആശങ്ക നിറഞ്ഞ സ്വരത്തിൽ മല്ലിക പറഞ്ഞു.

"കൊച്ചിന നല്ല പോലെ നോക്കണം നിയ്യ്... "

"ഉം.."

നങ്കി കുഞ്ഞിന്റെ നെറ്റിയിൽ തലോടിക്കൊണ്ടിരുന്നു.

"ച്ചേയീ..... ഓര് പറഞ്ഞ് ച്ചേയീ ഇന്ന് ഈടത്തെ എളേത്ങ്ങട കൂട കിടക്കണോന്ന്... ന്നേം കൊച്ചിനേം ഒര് രാത്തിരിയേലും ഓര്ക്ക് നോക്കാണോന്ന്... അധിന് ഇന്ന് രാത്തിരി വേലക്കെഡേല് ഈട വരൂന്ന് പറഞ്ഞ്...ജന്നലെ മുട്ട് കേക്കുമ്പോ കതക് തൊറക്കണോന്ന് പറഞ്ഞ്.."

നങ്കി രൂക്ഷമായി മല്ലികയെ നോക്കി.

"ഓര് പറഞ്ഞയാ.." മല്ലികയുടെ സ്വരം താഴ്ന്നു.

"പഗല് മൊത്തം ഈട ഒണ്ടല്ലോ...അന്നേരം നോക്കാന് പഠിക്കട്ട് ആദിയം.. പിന്ന ആകാം രാത്തിറീല് "

നങ്കി മുറി വിട്ടിറങ്ങിയതും, നിരാശയോടെ മല്ലിക കട്ടിലിലേക്കിരുന്നു.

                                       ▪️◼️▪️

ഉറക്കമുപേക്ഷിച്ച കണ്ണുകളോടെ നങ്കി മല്ലികയെ നോക്കി. ചുമരിലേക്ക് കണ്ണുനട്ടു കിടക്കുന്ന അനിയത്തിയെ നങ്കി കുറച്ചു നേരം നോക്കി കിടന്നു. ഏതോ സ്വപ്‌നലോകത്തെന്ന പോലെ ചിന്തകളിൽ ആണ്ടു കിടക്കുന്ന മല്ലികയെ നങ്കി വാത്സല്യത്തോടെ തൊട്ടു.

"ന്താ ച്ചേയീ..!!?"

"ഞാ നെന്നോട് ഒര് കാരിയം പറയാം.

തീയ്യിന്റ വെട്ടോം ഭംങ്ങീമ് കണ്ട് അട്ത്ത് ചെല്ല്ന്ന ഈയ്യാംപാറ്റകള് ആ തീയ്യേറ്റ് തന്നാ ഉയിരും കളേന്നേ.. അങ്ങനത്തെ ഈയ്യാംപാറ്റകള് ആകരുത് നമ്മ്ള്...

ഞാ യീ പ്പറഞ്ഞേ എന്താന്ന് പിന്ന ആലോയ്ക്കുമ്പോ നെനക്ക് തിരിയും...

ഉം... ഇനി ഒറങ്ങാൻ നോക്ക്.. കൊച്ച് ഒറങ്ങുന്ന നേരല്ലേ..."

"ഉം..."  മല്ലിക തല കുലുക്കി കണ്ണുകളടച്ചു.

വലിയ കട്ടിലിനിരുവശത്തുമായി ഇരുവരും കിടന്നു. നടുവിൽ കുഞ്ഞും.

ചീവുടുകൾ മാത്രം ചിലക്കുന്ന രാവിന്റെ ആഴങ്ങൾക്കിടയിലും നങ്കി ഉറങ്ങാതെ കിടന്നു. ജനൽ പാളിയിൽ കൊട്ടുയർന്നപ്പോൾ നിറവയർ താങ്ങി എഴുന്നേറ്റു. ജനാലയ്ക്കലേക്ക് നങ്കിയുടെ കണ്ണുകൾ തുറിച്ചു ചെന്നു.

നടുമുറിയിൽ കിടക്കുന്ന ശിവന്റെ അച്ഛനെയും അമ്മയെയും നോക്കിക്കൊണ്ട് ശബ്ദമുണ്ടാക്കാതെ നങ്കി വാതിൽ തുറന്നു. പുറത്തെ ഇരുട്ടിലേക്ക് വെപ്രാളത്തോടെ ഇറങ്ങി വാതിലടച്ചു.

നിലാവ് വിതറിയ വെട്ടത്തിൽ ശിവന്റെ രൂപം നങ്കി കണ്ടു.

തുടരും....✍️

💜



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ